പെറ്റമ്മ

വഗസ്ത് പതിനഞ്ച …

ള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം മുമ്പെന്നത്തെക്കാളും രൂക്ഷമായിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും റോഡിലും സ്‌കൂളിലും വീട്ടില്‍ പോലും സുരക്ഷിതരല്ലാതായിട്ടുണ്ട്.
അധാര്‍മികതയുടെ  വാര്‍ത്തകള്‍ നമ്മെ പിടിച്ചുകുലുക്കുന്നുണ്ട്.
ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം
സര്‍വ്വ സീമകളും ലംഘിക്കുന്നുണ്ട്.
സാധാരണക്കാരന്റെ നിലവിളി വനരോദനമായി കലാശിക്കുന്നുണ്ട്.
മദ്യം പുരുഷന്മാരെ ഭ്രാന്തരാക്കുകയും സ്ത്രീകളെ പുതിയ ഉപഭോക്താക്കള്‍ ആക്കുകയും ചെയ്യുന്നുണ്ട്.
വര്‍ഗ്ഗീയതയും അതിവിപ്ലവവും നാടിന്റെ സ്വൈര്യം കെടുത്തുന്നുണ്ട്.
അതിര്‍ത്തിയില്‍ ശത്രുക്കള്‍ വെറുതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്……

ങ്കിലും ,
ഈ അറുപത്തിഏഴാം  സ്വാതന്ത്ര്യ ദിനത്തില്‍ ….
നമുക്കു നെഞ്ചില്‍ കൈവച്ചു പറയാം,
ഈ ഭാരതം എന്റെ സ്വന്തം രാജ്യമാണ്.
എന്റെ അമ്മയാണ്.
എന്റെ സ്തന്യമാണ്.

സാമ്പത്തിക പ്രതിസന്ധി ലോകത്തെ പിടിച്ചുകുലുക്കിയപ്പോഴും നമ്മള്‍ കുലുങ്ങിയില്ല.
ഇരുണ്ട നാളുകളില്‍ കൂടി കടന്നുപോയിട്ടും നമ്മുടെ ജനാധിപത്യം പതറിയില്ല.
ശത്രുക്കളുടെ കുതന്ത്രങ്ങള്‍ നമ്മുടെ ജവാന്മാര്‍ ധീരമായി ചെറുത്തു. നമുക്ക് വയറു നിറയെ ഭക്ഷിക്കാന്‍ കര്‍ഷകര്‍ കലപ്പ വലിച്ചു.
നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം  രാജ്യം കാത്തുവച്ചു.
നമ്മുടെ വളര്‍ച്ചയില്‍ മഹാരാഷ്ട്രങ്ങള്‍ അസൂയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
കൃഷ്ണമണികളില്‍ പ്രതീക്ഷയുടെ  തിളക്കം പകര്‍ന്നു നമ്മുടെ രാജ്യത്തെ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാം.

യ് ജവാന്‍ ! ജയ് കിസാന്‍ !

ഒരു പ്രേമലേഖനം

(ഒരു ഫേസ്‌ ബുക്ക്‌ ഗ്രൂപ്‌ നടത്തിയ പ്രണയലേഖന മത്സരത്തിലേക്ക് നല്‍കിയത് )

image courtesy: img.xcitefun.net

നീയീ കത്തു വാങ്ങുമോ എന്നുറപ്പില്ലാതെയാണ് ഇതെഴുതുന്നത്.
ഇനി വാങ്ങിയാല്‍ തന്നെ, നീയിതു പൊട്ടിച്ചു വായിക്കുമോ എന്നുമെനിക്കറിയില്ല.
ഒരു പക്ഷേ, കവര്‍ പൊട്ടിക്കാതെ തന്നെ വീട്ടുകാര്‍ക്കു നല്‍കും എന്നെനിക്ക് പേടിയുണ്ട്. പക്ഷേ, ഇപ്പോള്‍, ഇതെഴുതുമ്പോള്‍ , ഇത് ഞാന്‍ തീര്‍ച്ചയായും നിനക്ക് നല്‍കും എന്ന് എന്റെ മനസ്സ്  പറയുന്നു.

എന്റെ പെണ്ണേ, നിനക്കുവേണ്ടി ഞാന്‍ എഴുതിയ എണ്ണമില്ലാത്ത പ്രേമലേഖനങ്ങളില്‍ ഒടുവിലത്തേതാണിത്. എത്രയോ നിദ്രാവിഹീനമായ രാവുകളില്‍ ഞാന്‍ എന്റെ ഹൃദയം നോട്ടുബുക്കില്‍ നിന്ന് ചീന്തിയെടുത്ത ഇളം നീലവരകളുള്ള കടലാസുകളില്‍ പകര്‍ത്തിയിട്ടുണ്ടെന്നറിയാമോ? ഒരിക്കല്‍ പോലും നിനക്കു തരാന്‍ ധൈര്യം വന്നില്ല. എന്റെ ഉള്ളില്‍ തുളുമ്പുന്ന പ്രണയമധു നിന്നെ അറിയിക്കാന്‍ മാത്രമായിരുന്നു എല്ലാ തിങ്കളാഴ്ചയും നീ പതിവായി വരുന്ന അമ്പലത്തില്‍ ഞാന്‍ വന്നിരുന്നത്. പക്ഷേ, നിന്റെ അടുത്തെത്തുമ്പോള്‍ ഉച്ചത്തില്‍ പെരുമ്പറകൊട്ടുന്ന എന്റെ ഹൃദയമിടിപ്പ് നീ കേള്‍ക്കുമോ എന്നു ഭയന്ന് ഒരിക്കലും അത് തരാന്‍ എനിക്കു കഴിഞ്ഞില്ല.

നിന്നോടൊന്നു മിണ്ടാന്‍ ഉല്‍സവത്തിന്റെ അന്ന് ഞാന്‍ രണ്ടുപ്രാവശ്യം അടുത്തേക്കു വന്നത് നീ ഓര്‍ക്കുന്നുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചിട്ടും എന്റെ നാവില്‍ നിന്നും ഒന്നും പുറത്തേക്കു വന്നില്ല. ഞാന്‍ എന്തോ വിക്കിപ്പറഞ്ഞതും, നീ അടുത്തുള്ള കൂട്ടുകാരിയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചതും എന്റെ മനസ്സിലുണ്ട്.

ഇന്നു രാത്രി വണ്ടിക്ക് ഞാന്‍ ബോംബെയിലേക്ക് പോവുകയാണ്. ഒരുപക്ഷേ , നീയിതു വായിക്കുമ്പോള്‍ ഞാന്‍ കൈയില്‍ രണ്ടുജോഡി വസ്ത്രങ്ങള്‍ മാത്രമുള്ള ഒരു എയര്‍ബാഗുമായി തിങ്ങിനിറഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരിക്കും. എന്നും വൈകീട്ടുവന്ന് പഠിപ്പിക്കാന്‍ ചിലവഴിച്ച പണത്തിന്റെ കണക്കു പറഞ്ഞ് എന്നെ ശപിക്കുന്ന അച്ഛനോടും, എപ്പോഴും ദൂരേക്ക് മിഴിനട്ടു വിചാരപ്പെടുന്ന പെങ്ങളോടും , അരികിലെത്തുമ്പോള്‍ ഒരു നെടുവീര്‍പ്പോടെ എന്റെ മുടിയിഴകളില്‍ വിരലോടിക്കുന്ന അമ്മയോടും ഞാന്‍ പുറപ്പെട്ടുപോകാന്‍പോകുന്ന വിവരം പറഞ്ഞിട്ടില്ല. ഒരു കുറിപ്പുമാത്രം എഴുതിവെയ്ക്കും. രാത്രി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതിനാല്‍ ഒന്നും കഴിക്കാതെയാണല്ലോ മകന്‍ നാടുവിട്ട് യാത്രപോയത് എന്ന് അമ്മ തേങ്ങുമായിരിക്കും.

എത്രയോ വട്ടം ഞാന്‍ എന്റെ മനസ്സിനെ നിന്റെ ചിന്തയില്‍ നിന്ന് പറിച്ചെറിയാന്‍ ശ്രമിച്ചിട്ടുണ്ട്. അര്‍ഹിക്കാത്തതാണ് നിന്റെ സ്‌നേഹം എന്നും എനിക്കറിയാം. എന്റെ ഒടിഞ്ഞുതൂങ്ങിയ ഓലപ്പുരയും അതിലെ ഇരുട്ടില്‍ ഘനീഭവിച്ചിരിക്കുന്ന ദുഃഖവും എവിടെ? വിശാലമായ പറമ്പിന്റെ നടുവിലെ നിന്റെ മാളികവീടും സൗഭാഗ്യങ്ങളും വേലക്കാരും പട്ടുപാവാടയിട്ട് ഊഞ്ഞാലാടുന്ന പെണ്‍കിടാങ്ങളും സുന്ദരസ്വപ്‌നങ്ങളും പത്തായപ്പുരയും വിശാലമായ വയലുകളും എവിടെ ? പക്ഷേ, ഓരോ തവണ നിന്നെ എന്റെ കരളില്‍ നിന്ന് പറിച്ചെറിയുമ്പോഴും ഇരട്ടി വേഗതയില്‍ നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പൊതിയുന്നു.

ചെറുപ്പത്തില്‍ , കുട്ടിക്കാലത്ത് , ലോകത്തിന്റെ നന്മതിന്മകള്‍ നമ്മളെ വേര്‍തിരിക്കാതിരുന്ന കാലത്ത് , ബാല്യകൂതൂഹലത്തിന്റെ നിഷ്‌കളങ്കതയില്‍ നമ്മള്‍ ഒന്നിച്ചുകളിച്ചിരുന്ന കാലത്തില്‍ നിന്ന് ഏതോ ഒരു ദിവസം തൊടിയിലെ ചെമ്പരത്തിച്ചെടികളുടെ അരികില്‍ തമ്മില്‍ കണ്ണുകളില്‍ നോക്കിനില്‍ക്കുമ്പോള്‍ നമ്മള്‍ രണ്ടുപേരും വളര്‍ന്നു എന്ന് പരസ്പരം മനസ്സിലാക്കിയ അന്നുമുതല്‍ നമ്മള്‍ സംസാരിച്ചിട്ടില്ല. നീ ചുരുട്ടിവച്ച വലിയ ചാര്‍ട്ടുപേപ്പറുകളും, അഞ്ചോ ആറോ പുസ്തകങ്ങളും ഒക്കെയായി നടന്നുവരുന്നത് ഇടവഴിയുടെ മറ്റൊരു കോണില്‍ നിന്ന് എന്നും ഞാന്‍ കാണുമായിരുന്നു. ചിലപ്പോള്‍ പെട്ടെന്നു നമ്മള്‍ തമ്മില്‍ കാണുമ്പോള്‍ നിന്റെ മേല്‍ചുണ്ടിലെ അല്‍പം ഇടത്തോട്ടുവളച്ചുള്ള കിശോരഭാവത്തിലുള്ള ഇളം ചിരി മാത്രം മതിയായിരുന്നു എനിക്ക്. പക്ഷേ, അല്‍പം നിന്ന് നിലത്ത് നോക്കിനിന്ന് ധൃതിയില്‍ നടന്നുപോകാറല്ലാതെ പിന്നീട് ഒരിക്കലും നീയെന്നോട് ഒന്നും മിണ്ടിയില്ല. ഒരു പാട് ചിന്തിച്ച് മനസ്സില്‍ പറഞ്ഞുറപ്പിച്ച വാക്കുകള്‍ ഒന്നും എനിക്ക് നിന്നോട് പറയാനും കഴിഞ്ഞില്ല.

പക്ഷേ, എപ്പോഴും നമ്മളെ തമ്മില്‍ അടുപ്പിക്കുന്ന പ്രേമത്തിന്റെ ഒരു മാസ്മരവലയം എനിക്ക് തൊട്ടറിയാമാരുന്നു. ഒരിക്കല്‍ തോണിയില്‍ നടുവിലെ മരക്കഷണത്തില്‍ ഇരുന്ന് ഒന്നിച്ചുയാത്രചെയ്യുമ്പോള്‍ നിന്റെ നെഞ്ച് പതിവിലധികം ഉയര്‍ന്നുതാഴുന്നതും അകന്നിരിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നതും നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞതും കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. നീ എന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്, പേടിയോടെ എന്ന്.

ഞാനെന്റെ മനസ്സു തുറന്നെഴുതുകയാണ്. ഒരു പക്ഷേ, ഇനിയൊരിക്കലും നമ്മള്‍ കണ്ടുമുട്ടി എന്നുവരില്ല. നിന്നെ കാണാത്ത ഓരോ ദിവസവും എനിക്കു മരണതുല്യം ആണെങ്കിലും , എനിക്കു പോയേ പറ്റൂ പ്രിയേ. ബോംബെയിലെ തിരക്കുപിടിച്ച ഏതെങ്കിലും ഗലിയില്‍, അല്ലെങ്കില്‍ വൃത്തികെട്ട ഏതെങ്കിലും ഒറ്റമുറിയില്‍, അല്ലെങ്കില്‍ ഇടുങ്ങിയ കോണി കയറി എത്തുന്ന പൊടിപിടിച്ച ഒരു ടൈപ്പ് റൈറ്ററിനു പിന്നില്‍ ഇരുന്ന് എന്നും ഞാന്‍ നിന്നെപ്പറ്റിയുള്ള ഓര്‍മകള്‍ തുടച്ചുമിനുക്കിക്കൊണ്ടിരിക്കും. നിനക്കൊരിക്കലും എന്റെയും നിന്റേയും സ്‌നേഹത്തെപ്പറ്റി നിന്റെ മുന്‍കോപിയായ അച്ഛനോടും ആങ്ങളമാരോടും പറയാന്‍ കഴിയില്ല എന്നെനിക്കറിയാം. പക്ഷേ, ഈ കത്ത് നീ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍, ജീവിതനദി ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ , ഏതെങ്കിലും സായന്തനത്തില്‍ , ഈ കത്ത് വീണ്ടും വായിച്ച് , ഒരുനിമിഷം എന്നെ ഓര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് , ഏതെങ്കിലും പ്രഭാതത്തില്‍ സുന്ദരനായ ഭര്‍ത്താവിനെ ഓഫീസിലേക്കും കുട്ടികളെ സ്‌കൂളിലേക്കും പറഞ്ഞയച്ച് വെറുതെയിരിക്കുമ്പോള്‍ മുറ്റത്ത് നില്‍ക്കുന്ന ചെമ്പരത്തിപ്പൂക്കളോട് എന്നെക്കുറിച്ച് സ്വകാര്യം പറയണമെന്നും. നിന്റെ ഹൃദയത്തിന്റെ ഏതെങ്കിലും കോണില്‍ എന്നെക്കുറിച്ചുള്ള സ്മരണ മരിക്കാതെ കിടന്നാല്‍ മാത്രം മതി, ഞാന്‍ ധന്യനായി.

നിര്‍ത്തുന്നു. ഇനിയും എഴുതാന്‍ തുടങ്ങിയാല്‍ എന്റെ നിറഞ്ഞുതുളുമ്പുന്ന കണ്ണീര്‍ വീണ് കത്ത് ചീത്തയാകും.

സ്‌നേഹത്താല്‍ , നിന്നെ മാത്രം ഓര്‍ത്തുകൊണ്ട്, നിന്റെ സ്വന്തം …………….

"ഒരുപക്ഷെ, അങ്ങനെയൊരു ദിനം വന്നേക്കാം …. "

”ഒരുപക്ഷെ,
അങ്ങനെയൊരു ദിനം വന്നേക്കാം-

അന്ന് എന്റെയീ ദേഹം
വെള്ളത്തുണിയില്‍പ്പൊതിഞ്ഞ്
ഒരു പായയില്‍ ഏതെങ്കിലും 
ആശുപത്രിയില്‍ കിടത്തും.
ഏതെങ്കിലുമൊരു നിമിഷത്തില്‍
ഒരു ഡോക്ടര്‍ വന്നുപറയും
എന്റെ തലച്ചോറു മരിച്ചെന്ന്-
അതോടെ എന്റെ ജീവിതം 
അവസാനിക്കും.
ങ്ങനെ സംഭവിച്ചാല്‍ ,
യാന്ത്രികമായി ഒരിക്കലുമെന്നില്‍ 
കൃത്രിമജീവന്റെ തുടിപ്പുകള്‍ ഉണ്ടാക്കരുതേ…
അക്കിടക്കയെ എന്റെ മരണക്കിടക്ക 
എന്നു വിളിക്കുകയുമരുത്.
പകരമതിനെ ,
ജീവന്റെ ശയ്യാതലമെന്നു വിളിക്കൂ, 
അതാണെനിക്കിഷ്ടം
ന്നിട്ട് മൃതമാവുന്നതിനുമുമ്പേ
എന്റെ ബാക്കി അവയവങ്ങള്‍
ഇനിയും പൂര്‍്ത്തിയാകാത്ത
ജീവിതങ്ങള്‍ക്കുവേണ്ടി
ദാനം ചെയ്യാന്‍ എന്റെ 
ശരീരത്തെ അനുവദിക്കൂ.
രിക്കലും സൂര്യോദയം കാണാത്ത
ഒരിക്കലും ഒരു കുഞ്ഞിന്റെ പിഞ്ചുമുഖം കാണാത്ത
ഒരിക്കലും ഒരു സ്ത്രീയുടെ കണ്ണുകളിലെ സ്‌നേഹം കാണാത്ത
ഒരു മനുഷ്യന് 
എന്റെ കണ്ണുകള്‍  നല്‍കൂ…
ഹൃദയവേദനമാത്രം നല്‍കുന്ന
ഒരു ഹൃദയത്തിന്റെ ഉടമസ്ഥന്
എന്റെ ഹൃദയം നല്‍കൂ..
കാറപകടത്തില്‍ പെട്ട
ഒരു കൗമാരക്കാരന് എന്റെ ചോര നല്‍കൂ…
അവന്‍ വലുതായി 
അവന്റെ പേരമക്കള്‍ മുറ്റത്ത് ഓടിക്കളിക്കുന്നത് 
കണ്‍നിറയെ കാണട്ടെ…
ന്ത്രാനുഗ്രഹത്താല്‍
ആഴ്ചകളില്‍ നിന്ന് ആഴ്ചകളിലേക്ക് 
ജീവിതം നീട്ടിക്കിട്ടുന്ന
ഒരാള്‍ക്ക് എന്റെ വൃക്കകള്‍ നല്‍കൂ..
മുടന്തിനടക്കുന്ന ഒരു കുട്ടിക്ക്
എന്റെ എല്ലുകളും, എന്റെ മസിലുകളും, 
എന്റെ ഓരോ ഞരമ്പുകളും നല്‍കൂ.
ന്റെ ഓരോ കോശങ്ങളും 
പെറുക്കിയെടുത്തോളൂ…
അവ മൂകനായ ഒരു കുഞ്ഞിനെ 
അട്ടഹസിപ്പിക്കാനും
ബധിരയായ ഒരു പെണ്‍കുട്ടിയെ 
മഴയുടെ ശബ്ദം കേള്‍പ്പിക്കാനും 
പര്യാപ്തമാകുമെങ്കില്‍ …
ശേഷക്രിയക്കായി 
ശേഷമെന്തെങ്കിലുമുണ്ടെങ്കില്‍
അത് അഗ്നിക്കിരയാക്കുക.
അതിനുശേഷം എന്റെ ചിതാഭസ്മം
കാറ്റിലേക്ക് തൂവുക,
ആ കാറ്റേറ്റ്‌  പുഷ്പങ്ങള്‍ മനോഹരമാവട്ടെ …
നി , 
എന്നിലുള്ള എന്തെങ്കിലും 
നിങ്ങള്‍ക്ക് കുഴിച്ചുമൂടിയെ തീരൂ 
എന്നു  നിര്‍ബന്ധമാണെങ്കില്‍ , 
എന്റെ പിഴകളും, 
എന്റെ ദുര്‍ബലതകളും,
സഹപ്രവര്‍ത്തകരോടുള്ള
എന്റെ മുന്‍വിധികളും മാത്രം
കുഴിച്ചുമൂടുക.
ന്റെ പാപങ്ങള്‍
പിശാചിനുനല്‍കുക.
ന്റെ ആത്മാവ്
പരമാത്മാവില്‍
വിലയിപ്പിക്കുക.
ന്റെ സ്മരണ, 
നിങ്ങളെ ആവശ്യമുളള മറ്റൊരാള്‍ക്ക് 
ദയാമയമായ ഒരുറപ്പ് നല്‍കിക്കൊണ്ട് 
നിലനിര്‍ത്തുക.
ഞാനിപ്പറഞ്ഞതെല്ലാം
നിങ്ങള്‍ ചെയ്യുമെങ്കില്‍
ഞാന്‍ എന്നേക്കും ജീവിക്കും.
I will live forever….

1994ല്‍ അന്തരിച്ച അമേരിക്കന്‍ കവിയായ റോബര്‍ട്ട് എന്‍ . ടെസ്റ്റ്‌ അവയവദാനപ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച ഒരാളാണ് . 1976ല്‍ ” എന്നെ ഓര്‍ക്കാന്‍ ” എന്ന പേരില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ളതാണ് മുകളിലെ വരികള്‍ . (സ്വതന്ത്ര തര്‍ജമ )  ലോകമെമ്പാടുമുള്ള അവയവദാന പ്രവര്‍ത്തകര്‍ നെഞ്ചോട്‌ ചെര്‍ക്കുന്നതാണീ വരികള്‍ .

അവയവദാനത്തെ കുറിച്ചുള്ള ഒരു ഷോര്‍ട്ട് ഫിലിം  കാണുക  

എന്റെ സ്വന്തം ഗ്രേസ്‌ 
സന്തോഷ വാര്‍ത്ത ഒരു ഫോണ്‍ കോളിന്റെ രൂപത്തില്‍ എത്തുമ്പോള്‍ നോറീന്‍ ഉറക്കത്തിലായിരുന്നു. ഇതായിരുന്നു സന്ദേശം ‘ ഒരു കരള്‍ ലഭ്യമായിരിക്കുന്നു’
ആഴ്ചകള്‍ക്ക് മുമ്പാണ് അവളുടെ ഡോക്ടര്‍ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത് – ഒരു ദാതാവിനെ ലഭിച്ചില്ലെങ്കില്‍ അവള്‍ഏതുനിമിഷവും മരിക്കാം. മാറ്റിവെക്കാന്‍ ആവശ്യത്തിന് കരള്‍ ലഭ്യമല്ല എന്ന കാര്യവും ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു . 


തിനേഴ് വര്‍ഷംമുമ്പേ തന്നെ നോറീന് കരള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. വിഗദ്ധ പരിശോധനയില്‍ ഹൈപ്പറ്റൈറ്റിസ് സി സ്ഥിരീകരിച്ചു. 2011 ആകുമ്പോഴേക്ക് രോഗം മൂര്‍ച്ഛിച്ചു. പുറമേ കരളിന് ട്യൂമറും ബാധിച്ചു. പുറമേ ആസ്തമയും. അപ്പോഴേക്കും ചികിത്സ കൊണ്ട് ഹൈപ്പറ്റൈറ്റിസ് സി ഭേദമായെങ്കിലും ട്യൂമര്‍ മാരകമായി. ആ അവസ്ഥയിലായിരുന്നു മൗണ്ട് സിനായി ആശുപത്രിയില്‍ നിന്ന് ആ ഫോണ്‍വിളി വന്നത്. 
രാത്രി ഒമ്പതുമണിക്കു തുടങ്ങിയ ശസ്ത്രക്രിയ പിറ്റേന്ന് രാവിലെ വരെ നീണ്ടു. മൂന്നാഴ്ചത്തെ ആശുപ്ത്രിവാസം കഴിഞ്ഞ് നോറീന്‍ സുഖമായി പുറത്തുവന്നു. ഒരു അറുപത്തിനാലുകാരി വനിതയാണ് കരള്‍ ദാനം ചെയ്തതെന്ന് അവള്‍ പിന്നീട് അറിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങിവന്നു. 
അവള്‍ക്ക് ദാനമായി കിട്ടിയ കരളിന് അവള്‍ ഒരു പേരിട്ടു. ” ഗ്രേസ് ” എല്ലാ ദിവസവും അവള്‍ ഗ്രേസിനോട് സംസാരിക്കും. 
അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന ആ കരളിന്റെ കഷണത്തെ അവള്‍ മറ്റെന്തു പേരിട്ടാണ് വിളിക്കുക?

അവയവദാനത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണുക 

സ്വാതിയും കൂട്ടുകാരും
കേരളത്തില്‍ അവയവദാനത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയുണ്ടാക്കിയതായിരുന്നു സ്വാതികൃഷ്ണയുടെ വാര്‍ത്ത. മഞ്ഞപ്പിത്തം ബാധിച്ച് ആ പെണ്‍കുട്ടിയുടെ കരള്‍ തകര്‍ന്നിരുന്നു. പനിയിലായിരുന്നു തുടക്കം. പച്ചമരുന്നുചികിത്സയും അലോപ്പതി ചികിത്സയും നടത്തിയെങ്കിലും രണ്ടാഴ്ചകൊണ്ട് സ്ഥിതി വഷളായി. അവളുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യസ്‌നേഹത്തിന്റെ ഉറവപൊട്ടിയപ്പോള്‍ നിയമം പോലും അതിന്റെ ചുവപ്പുനാട സ്വയം പൊട്ടിച്ചെറിഞ്ഞു. 

2012 ജൂലൈ പതിമൂന്നിനായിരുന്നു അമൃത ആശുപത്രിയില്‍ വച്ച് അവളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ സ്വാതിക്ക് കരള്‍ ദാനം നല്‍കാന്‍ തയ്യാറായത് സ്വന്തം ചെറിയമ്മയായിരുന്നു. അതുകൊണ്ട് തന്നെ നടപടിക്രമങ്ങളുടെ നൂലാമാലകളും ഉണ്ടായിരുന്നു. കരള്‍മാറ്റത്തിന് അനുമതി നല്‍കേണ്ട മെഡിക്കല്‍ ബോര്‍ഡ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തലേന്ന് അടിയന്തിര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അനുമതി ഫോണ്‍ വഴി ലഭ്യമാക്കി. പക്ഷേ, ബോര്‍ഡിന് മുന്നില്‍ കരള്‍ദാതാവ് നേരിട്ട് ഹാജരാകണം എന്ന നിബന്ധനയുള്ളതിനാല്‍ ചെറിയമ്മയും കോട്ടയത്തേക്ക് പോകേണ്ടിവന്നൂ. ( മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും മാത്രമേ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതിയില്ലാതെ അവയവങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. മാത്രമല്ല, സ്വാതി എറണാകുളം സ്വദേശിയും ചെറിയമ്മ തൊടുപുഴയിലും ആയതിനാല്‍ രണ്ട്  ജില്ലാ കലക്ടര്‍മാരുടെയും അനുമതിയും ആവശ്യമായിരുന്നു ) 

swathi with rainy

അവര്‍ മടങ്ങിയെത്തിയ ഉടനെ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. വിദഗ്ധഡോക്ടര്‍മാരായ പത്തുപേരടങ്ങിയ  സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് നാലുദിവസം മുമ്പേ തന്നെ അവള്‍ അബോധാവസ്ഥയിലായിരുന്നു എന്നറിയുമ്പോഴാണ് എത്ര ഗുരുതരമായിരുന്നു അവളുടെ അവസ്ഥ എന്നും എന്തു വലിയ വെല്ലുവിളിയായിരുന്നു ഡോക്ടര്‍ക്ക് എന്നും മനസ്സിലാവൂ. 
പണം സ്വരൂപിച്ച അവളുടെ കൂട്ടുകാരുടെയും അവളുടെ ഗ്രാമത്തിന്റെയും കേരളസമൂഹത്തിന്റെ ഒന്നാകെ തന്നെയും പ്രാര്‍ത്ഥനകള്‍ അവളൊന്നിച്ചുണ്ടായിരുന്നു. ശ്‌സ്ത്രക്രിയക്കുശേഷം അവളുടെ കാലുകള്‍ അല്‍പം അനങ്ങുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ നെടുവീര്‍പ്പിട്ടു. 
കരള്‍ മറ്റു അവയവങ്ങള്‍ പോലെ അല്ല, കുറച്ചു ഇല്ലാതായി പോയാലും  ബാക്കി തനിയെ ഉണ്ടാവും. ഇതൊക്കെ അറിയാമെന്കിലും സ്വന്തം കരളിന്റെ ഒരു കഷണം ദാനം ചെയ്യാന്‍ പെട്ടെന്ന് ആരും   തയ്യാറാവില്ല. റെയ്നി എന്നായിരുന്നു ആ ചെറിയമ്മയുടെ പേര്.  പേര് പോലെ അവരുടെ സ്നേഹം മഴയായ് ഒഴുകിയപ്പോള്‍ സ്വാതി വീണ്ടും ജീവിതത്തിലേക്ക് പിച്ച വച്ചു. 
മാസങ്ങള്‍ക്കുശേഷം എയര്‍ഇന്ത്യയും മറ്റ് എന്‍.ജി.ഒകളും ചേര്‍ന്ന് സംഘടിപ്പിച്ച വിംഗ് ഓഫ് ലൗ എന്ന പേരില്‍ നടത്തിയ സൗജന്യ വിമാനയാത്രയില്‍ പങ്കെടുക്കുമ്പോള്‍ അവള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നു. കവയത്രി കൂടിയായ സ്വാതികൃഷ്ണ  ആ യാത്രയില്‍ ‘ ആര്‍ദ്രമീ ധനുമാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ..’ എന്ന കവിത മനോഹരമായി ആലപിച്ചു.
അവയവദാനത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണുക 


സ്നേഹ കാത്തുനില്‍ക്കാതെ കീഴടങ്ങി 

തിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് തലശ്ശേരി സ്വദേശിനിയായ സ്‌നേഹയുടെ കഥ. കൗമാരത്തിലേ വൃക്കരോഗിയായ അവള്‍ക്ക് തന്റെ വൃക്കകളില്‍ ഒന്ന് ദാനം ചെയ്യാന്‍ ഒരു യുവതി തയ്യാറായെങ്കിലും നിയമക്കുരുക്കുകള്‍ അഴിഞ്ഞുവരുന്നതിനുമുമ്പേ അവള്‍ ഈ ലോകത്തുനിന്ന് തിരിച്ചുപോയി. 
അവയവം കാത്ത് കഴിയുന്നവര്‍
ഭാരതത്തില്‍ ഓരോ മിനിട്ടിലും ഒരാള്‍ അവയവം ലഭ്യമാവാതെ മരിക്കുന്നു എന്നാണ് ഒരു കണക്ക്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം കാത്തിരിപ്പു പട്ടികയിലേക്ക് വരുന്നുണ്ടെന്നും. പ്രതിവര്‍ഷം മരണപ്പെടുന്ന ഒരുകോടിയോളം പേരില്‍ ഒരു ലക്ഷം പേരെങ്കിലും മസ്തിഷ്‌കമരണത്തിന് വിധേയരാവുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് ആളുകളില്‍ ഒരു ചെറിയ ശതമാനത്തിനെങ്കിലും തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നേരത്തെ സമ്മതം നല്‍കാം എന്ന അറിവുണ്ടായിരുന്നെങ്കില്‍ മസ്തിഷ്‌ക മരണം നടക്കുന്നവരുടെ അവയവങ്ങള്‍ ഒരുപാടു രോഗികളില്‍ സ്പന്ദിച്ചേനെ . 
ഒരു ഷോര്‍ട്ട് ഫിലിം  കാണുക
 
നിയമം  കര്‍ശനം ആവുന്നത് നല്ലത് തന്നെ 
വയവ ദാനത്തിന് നിയമത്തിന്റെ നൂലാമാലകള്‍ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത സ്വാതികൃഷ്ണയുടെ വാര്‍ത്തയോടെ വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ, അവയവദാനത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാനാണ് നിയമം അത്ര കര്‍ക്കശമായതെന്നും കരുതാവുന്നതാണ്. പലപ്പോഴും ഇത്തരം ക്രിമിനല്‍ കുറ്റങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറുണ്ടല്ലോ. ചില രാജ്യങ്ങളില്‍ അവയവങ്ങള്‍ക്ക് വേണ്ടി കൊലപാതകങ്ങള്‍ നടക്കുന്നു എന്ന് ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട് .  
1994ലെ അവയവ ദാന നിയമം ആയിരുന്നു ആദ്യത്തെ നിയമം. പിന്നീട് 2008ല്‍ പുതിയ നിയമം വന്നു. അതോടൊപ്പം ചട്ടങ്ങളും . ഭേദഗതി ചെയ്ത നിയമം 2011ല്‍  ആണ് ഇറങ്ങിയത്.
ഒരു ഷോര്‍ട്ട് ഫിലിം  കാണുക


2012ല്‍ അവയവദാനം സംബന്ധിച്ച നിയമവ്യവസ്ഥയില്‍ ഒരു ഇളവ് നടപ്പായിരുന്നു. അവയവം സ്വീകരിക്കുന്ന ആളും നല്‍കുന്ന ആളും തമ്മില്‍ പത്ത് വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണം , അല്ലെങ്കില്‍ രക്തബന്ധമുണ്ടായിരിക്കണം എന്ന വ്യവസ്ഥയായിരൂന്നു അന്ന് ഒഴിവാക്കിയത്. ഒരുമിച്ച് താമസിക്കുന്നതായി തെളിയിക്കാന്‍ ഫോട്ടോഗ്രാഫുകളോ മറ്റ് രേഖകളോ സമ്മതപത്രത്തിനൊപ്പം നല്‍കണം എന്നായിരുന്നു വ്യവസ്ഥ. വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരെ അവയവദാനത്തിന് നിര്‍ബന്ധിക്കാന്‍ ഈ വ്യവസ്ഥ മൂലം ചിലര്‍ക്ക് കഴിഞ്ഞിരുന്നു. അതിനിടെ തൊഴില്‍പരമായ ബന്ധം പാടില്ലെന്ന് സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ ഈ രീതിയിലുള്ള ചൂഷണത്തിന് അയവുവന്നു. അതേ തുടര്‍ന്നാണ് സന്നദ്ധരായ ആര്‍ക്കും അവയവം ദാനം നല്‍കാമെന്ന് പുതിയ നിയമഭേദഗതി ഉണ്ടായത്. കേരള സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്ന കേസുകളില്‍ അവയവങ്ങള്‍ നീക്കം ചെയ്യാം. 
ഒരു ഷോര്‍ട്ട് ഫിലിം  കാണുക


എന്നാല്‍ ചില നടപടിക്രമങ്ങള്‍ ലഘൂകരിക്കണം എന്ന അഭിപ്രായം പലരും മുന്നോട്ടു വെയ്ക്കുന്നു. 
രജിസ്ടര്‍ ചെയ്ത ആശുപത്രികളില്‍ മാത്രമേ അവയവ മാറ്റം നടത്താവൂ എന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പോരായ്മയാണ്. മസ്തിഷ്ക മരണം സംഭവിച്ച ദേഹത്തിന്റെ നിയമപ്രകാരമുള്ള അവകാശിക്കുമാത്രമേ സമ്മതം നല്‍കാനാവൂ എന്നതാണ് മറ്റൊരു പ്രശ്നം. ചില രാജ്യങ്ങളില്‍ അവകാശികളുടെ ഒരു ലിസ്റ്റുണ്ടാക്കി ആദ്യത്തെ ആളെ ലഭ്യമല്ലെങ്കില്‍ അടുത്ത ആളുടെ സമ്മതം വാങ്ങാം എന്നുണ്ട്. അവയവങ്ങള്‍ മോര്‍ച്ചറിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ല. അത് ഓപ്പറേഷന്‍ തിയെട്ടറില്‍ വച്ച മാത്രമേ എടുക്കാന്‍ സാധിക്കൂ ..  അതുകൊണ്ട് തന്നെ പോസ്റ്മോര്ടം വേണ്ടി വരുന്ന കേസുകളില്‍ അവയവങ്ങള്‍ എടുക്കാന്‍ നടപടി ക്രമങ്ങള്‍ ഇനിയും ലഘൂകരിക്കെണ്ടതുണ്ട് എന്ന് തോന്നുന്നു.
മറ്റു പ്രശ്‌നങ്ങള്‍
നിയമക്കുരുക്കുകളേക്കാള്‍ അവയവദാനത്തിനുള്ള പ്രശ്‌നം ആവശ്യമായ ബോധവല്‍ക്കരണം വേണ്ടത്ര നടക്കുന്നില്ല എന്നതാണ്. ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കേരളത്തില്‍ ഒരു വലിയ അവബോധം രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. അഥവാ തനിക്ക് മസ്തിഷ്‌കമരണം സംഭവിച്ചാല്‍ അവയവദാനം നടത്തുന്നതിനുവേണ്ടി തന്റെ ബാക്കിയായ ജീവന്‍ ബന്ധുക്കള്‍ വേഗത്തില്‍ കൈയൊഴിയുമോ എന്ന ഭയമാണ് ഒന്ന്. ഒരുപക്ഷേ, മസ്തിഷ്‌ക മരണം സംഭവിച്ചവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വിദൂരസാദ്ധ്യത ഉണ്ടെങ്കിലോ എന്നുള്ള ചിന്തയാണ് മറ്റൊന്ന്. അത്യപൂര്‍വമായി അങ്ങനെ സംഭവിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ കാണാറുണ്ടെന്കിലും  അവ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധിക്കാത്ത മിറാക്കിള്‍  ആയി മാത്രം കരുതിയാല്‍ മതി. 
മസ്തിഷ്‌കമരണം
ന്താണ് മസ്തിഷ്‌കമരണം ? പാക്കിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്തിന്റെ വാര്‍ത്തകള്‍ക്കൊപ്പം മസ്തിഷ്‌കമരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇടിയേറ്റ് മസ്തിഷകമരണം സംഭവിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നല്ലോ. 
മസ്തിഷ്‌കമരണം എന്നത് യഥാര്‍ത്ഥ മരണം ആണോ എന്ന് പലര്‍ക്കും ബോധ്യം വന്നിട്ടില്ല എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ ഒരാളുടെ ബ്രെയിന്‍ പ്രവര്‍ത്തനരഹിതമായാല്‍ അയാള്‍ വൈദ്യശാസ്ത്രദൃഷ്ട്യാ മരിച്ചതായി കണക്കാക്കുന്നു. clinically dead. എന്നാല്‍ അയാളുടെ മറ്റു അവയവങ്ങള്‍ കുറേ സമയം കൂടി പ്രവര്‍ത്തിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്. എങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമല്ല. (വീഡിയോകള്‍ കാണാന്‍ കണ്ണി(link)കളില്‍ അമര്‍ത്തുക )  ഇങ്ങനെ ജീവന്റെ തുടിപ്പുള്ള അവയവങ്ങളാണ് മറ്റുള്ളവര്‍ക്ക് മാറ്റിവെക്കുന്നത്. 
നേത്രദാനം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  രക്തദാനം അതുപോലെ സാര്‍വത്രികമായി  കഴിഞ്ഞു. പലപ്പോഴും ലഭിക്കുന്ന രക്തം സൂക്ഷിച്ചു വെക്കാന്‍ ഇനിയും സജ്ജീകരണങ്ങള്‍ വേണം എന്ന റിപ്പോര്‍ട്ടുകളും കണ്ടിരുന്നു.  ഇവയെ അപേക്ഷിച്ച് ആളുകള്‍ ധൈര്യപൂര്‍വ്വം അവയവദാനസമ്മതം കാലേക്കൂട്ടി നടത്താത്തത് ഒരുപക്ഷേ ബോധവല്‍ക്കരണത്തിന്റെ അഭാവം കൊണ്ടുതന്നെയാവാം. ഈയിടെ അമേരിക്കയിലുള്ള ഒരു സഹാപാഠി ക്ക് വേണ്ടി കൂട്ടുകാര്‍ കേരളത്തില്‍ നിന്ന് stemcell ശേഖരിക്കാനുള്ള ദൌത്യം നടതുകയുണ്ടായത് വായിചിട്ടുണ്ടാകും. സ്റ്റെം സെല്‍ ദാനം കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ്. (മറ്റു കോശങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മാതൃ കോശങ്ങള്‍ ആണ് സ്റെം സെല്ലുകള്‍ . അസ്ഥിമജ്ജയെ ബാധിക്കുന്ന രോഗങ്ങളില്‍ ഇങ്ങനെ മജ്ജകോശങ്ങള്‍  മാറ്റിവെക്കേണ്ടി വരും)

മതപണ്ഡിതന്മാരില്‍ അപൂര്‍വം ചിലര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പൊതുവേ ഇക്കാലത്ത് മതപരമായ എതിര്‍പ്പുകള്‍ ഇങ്ങനെ അവയവം മാറ്റിവെക്കുന്നതിന് എതിരെ ഇല്ല എന്നു കരുതാം.
ഇക്കഴിഞ്ഞ ആഗസ്ത് ആറ് ലോക അവയവ ദിനം ആയിരുന്നു. ഇത്തരം ദിനങ്ങള്‍ ആചരിക്കുന്നത് തീര്‍ച്ചയായും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ ആവാന്‍ സഹായിക്കും എന്ന് തീര്‍ച്ചയാണ്.
നിയമക്കുരുക്കുകളും മറ്റ് എതിര്‍പ്പുകളും മറികടന്നാലും ഉള്ള വേറൊരു പ്രശ്‌നം പെട്ടെന്ന് അവയവങ്ങള്‍ കിട്ടുമ്പോള്‍ അവ മുഴുവനും ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഇനിയും ഉണ്ടായിട്ടില്ല എന്നതാണ്. മസ്തിഷ്‌ക മരണം നടന്ന ആരോഗ്യമുള്ള ഒരു ദേഹത്തില്‍ നിന്ന് ചിലപ്പോള്‍ ഒട്ടേറെ പേര്‍ക്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെങ്കിലും പലപ്പോഴും ചില അവയവങ്ങള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നഷ്ടപ്പെട്ടുപോവാറാണ് പതിവ്. കേന്ദ്രീകൃതമായ രെജിസ്സ്ട്രികളുടെയും മറ്റും പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജെന്‍സി കളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്.

ചില പ്രസക്തമായ വിവരങ്ങള്‍ 
ഹൃദയം , വൃക്ക , കരള്‍ ,ആഗ്നേയ ഗ്രന്ഥി , ശ്വാസ കോശങ്ങള്‍ എന്നിവ തകരാറില്‍ ആയ രോഗികള്‍ക്ക് പ്രസ്തുത അവയവങ്ങള്‍ മാറ്റി വച്ചേ മതിയാവൂ . ഇങ്ങനെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ ഇരുപതു ലക്ഷത്തോളം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട് എന്നാണു ഒരു

കണക്ക് . അതെ സമയം ഈ പട്ടികയിലേക്ക് പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം ആളുകള്‍ കൂട്ടിചെര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും. ഓരോ നാലുമിനുട്ടിലും ഒരു വ്യക്തി ഇങ്ങനെ രോഗിയാകുകയും ഓരോ അഞ്ചു മിനുട്ടിലും അവയവം കാത്തിരിക്കുന്ന ഒരാള്‍ മരിക്കുകയും ചെയ്യുന്നു എന്നാണു വേറൊരു കണക്ക്. മസ്തിഷ്ക മരണം സംഭവിച്ചു മരണപ്പെടുന്ന ആളുകളുടെ അവയവങ്ങള്‍ മാത്രമേ ഇങ്ങനെ ദാനം ചെയ്യാന്‍ പറ്റൂ . നേരത്തെ തീരുമാനിച്ചു നമ്മുടെ സമ്മതം നല്‍കിയാല്‍ , ആ സമ്മതം അടുത്ത ബന്ധുക്കളെ അറിയിച്ചാല്‍ , മരണശേഷം ആ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ അവയവങ്ങള്‍ക്ക് പകരം ജീവന്റെ തുടിപ്പറിയും. 
അനേകം ആളുകള്‍ മസ്തിഷ്ക മരണത്തിന് വിധേയരാവുന്നുന്ടെന്കിലും തുലോം കുറഞ്ഞ എണ്ണം ആളുകള്‍ മാത്രമേ നേരത്തെ ദാന സമ്മതം നല്‍കുന്നുള്ളൂ . മേല്പറഞ്ഞ അവയവങ്ങളില്‍ വൃക്ക പ്രവര്‍ത്തന രഹിതമായവര്‍ക്ക് ഡയാലിസിസ് മുഖേന ജീവിതം നീട്ടിക്കിട്ടാമെന്കിലും , മറ്റുള്ളവര്‍ക്ക് മാറ്റിവെയ്ക്കല്‍ മാത്രമായിരിക്കും പലപ്പോഴും പരിഹാരം. ഡയാലിസിസ് ആകട്ടെ മിക്കപ്പോഴും താങ്ങാന്‍ വയ്യാത്തത്ര ചെലവേറിയതുമായിരിക്കും. ജീവിച്ചിരിക്കെ രക്തം , സ്റ്റെം  സെല്‍ , ഒരു വൃക്ക , കരളിന്റെ ഒരു ചെറിയ ഭാഗം എന്നിവയാണ്  ദാനം ചെയ്യാവുന്നത്. മറ്റു അവയവങ്ങള്‍ മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്ന് മാത്രമേ ലഭിക്കൂ . 
ആരോഗ്യം ഉള്ള ശരീരം ഉള്ള ആര്‍ക്കും സമ്മതം നല്‍കാം. പ്രായം വലിയ പ്രശ്നം അല്ല. ഏറ്റവും ചുരുങ്ങിയത് രണ്ടു അന്ധര്‍ക്കും ആറ് മറ്റു രോഗികള്‍ക്കും അവയവദാനം മൂലം ഗുണഫലം ലഭിക്കും. സാധാരണ റോഡ്‌ അപകടങ്ങള്‍ മൂലമാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത് , എന്നാല്‍ ചിലപ്പോള്‍ തലയ്ക്കു ഏല്‍ക്കുന്ന മറ്റു ക്ഷതങ്ങള്‍ , പക്ഷാഘാതം, മസ്തിഷ്ക മുഴ എന്നിവ മൂലവും ഉണ്ടാകാം. സാധാരണ മരണങ്ങളില്‍ ഹൃദയം ആദ്യം നിലയ്ക്കുകയും ക്രമേണ മറ്റു അവയവങ്ങള്‍ രക്തയോട്ടം ഇല്ലാതെ പ്രവര്‍ത്തനം നിലയ്ക്കുകയുമാണല്ലോ ഉണ്ടാവുക. എന്നാല്‍ മസ്തിഷ്കമരണത്തില്‍ മസ്തിഷ്കം ആദ്യം പ്രവര്‍ത്തന രഹിതം ആവുകയാണ് ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ , ബന്ധുക്കളുടെ സമ്മതപ്രകാരം രോഗിയെ ചികില്‍സിച്ച ഡോക്ടറും ചികില്സിച്ചവര്‍ അല്ലാത്ത സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ സൂപ്രണ്ടും ചേര്‍ന്ന് നിരവധി റെസ്ടുകളിലൂടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കും. കര്‍ശനമായ നിബന്ധനകള്‍ ആണ് ഇക്കാര്യത്തില്‍ ഉള്ളത്. സമയം ഈ പ്രവര്‍ത്തനത്തിന് വിലപ്പെട്ടതാണ്. ജീവന്‍ രക്ഷ ഉപകരണങ്ങള്‍ മാറ്റിയാല്‍ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി തുടങ്ങും എന്നതാണ് കാരണം. 
വിദഗ്ധ ഡോക്ടര്‍മാര്‍  ദേഹത്തെ വികൃതം ആക്കാതെ ആയിരിക്കും അവയവങ്ങള്‍ നീക്കം ചെയ്യുക. സാധാരണ ഗതിയില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് അവയവങ്ങള്‍ നീക്കം ചെയ്യും. 
അവയവ ദാന സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അക്കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ മടിക്കരുത്. അതിനാല്‍ തന്നെ കുടുംബാംഗങ്ങളോട് ഈ വിലപ്പെട്ട സമ്മതത്തെ കുറിച്ചു മുന്‍കൂട്ടി ചര്‍ച്ച ചെയ്യുകയും വേണം. 
കേരള സര്‍ക്കാര്‍ മൃത സഞ്ജീവനി 

കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മൃതസഞ്ജീവനി  (കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് ) എന്ന പേരില്‍ ഒരു വെബ് സൈറ്റ്  ഉണ്ട്. ഇത് മുഖേന അവയവ ദാന രെജിസ്ട്രി സൂക്ഷിക്കുകയും ആശുപത്രികളില്‍ വെയിറ്റിംഗ് ലിസ്റ്റ് സൂക്ഷിക്കുകയും ചെയ്യുന്നു. പ്രസ്തുത സൈറ്റില്‍ ഇത് സംബന്ധിച്ച നിയമങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലഭ്യമാണ്. ആവശ്യമായ ഫോറങ്ങളും ഉണ്ട്. അതുപോലെ അംഗീകാരമുള്ള ആശുപത്രികളുടെ ലിസ്റ്റും സൈറ്റില്‍ ലഭ്യമാണ്. 
(മൃത സഞ്ജീവനി ഡോണര്‍ കാര്‍ഡ്‌ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക ) കാര്‍ഡ്‌ പ്രിന്റ്‌ ചെയ്തു കൈവശം സൂക്ഷിക്കുകയും അടുത്ത ബന്ധുക്കളോട് ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുക.
  

knos “mruthasanjeevani ” donor card

മറ്റു ഉദ്യമങ്ങള്‍ 
മറ്റൊന്ന് നാഷണല്‍ നെറ്റ് വര്‍ക്ക് ആണ്. മോഹന്‍ ഫൗണ്ടേഷന്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുണ്ട്. സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍   (NGO) ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം എടുക്കേണ്ടതായിട്ടുണ്ട്. 
എല്ലാ  നെറ്റ് വര്‍ക്കുകളും രജിസ്ടര്‍ ചെയ്യുന്നവര്‍ക്ക്  ഡോണര്‍ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ കാര്‍ഡുകള്‍ കൈപ്പറ്റി ദാനസമ്മതം നല്‍കിയ വിവരം അടുത്ത ബന്ധുക്കളോട് പറയുകയും വേണം. എങ്കിലേ , ഈ സമ്മതം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ . . 
കേരളത്തില്‍ ചിറ്റിലപ്പള്ളി ഫൌണ്ടേഷന്‍ ഈ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. സ്വന്തം വൃക്ക പരപ്രേരണയില്ലാതെ ദാനം ചെയ്തുകൊണ്ടാണ് വി. ഗാര്‍ഡിന്റെ ഉടമസ്ഥനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി  തന്റെ സന്ദേശം പ്രവൃത്തി പഥത്തിലെത്തിച്ചത്. 

സോഷ്യല്‍ മീഡിയ : 
Aksharavettam One Million Donor Campign

സോഷ്യല്‍മീഡിയയുടെ സ്വാധീനം വലിയ തോതിലുള്ള കേരളത്തില്‍ അവയവദാനത്തിന്റെ ബോധവല്‍ക്കരണത്തിനായി ഇനിയും ഈ വഴിക്ക് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത്തരുണത്തില്‍ ഇക്കഴിഞ്ഞ അവയവദാനദിനത്തില്‍ അക്ഷരവെട്ടം എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങിവച്ച One Million Donor കാമ്പയിന്‍ ശ്രദ്ധേയമാണ്.  സോര്‍ട്ട് , ഐ.എം.എ , റോട്ടറി ക്ലബ്‌ ,  ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ , Aum-I Artistes എന്നിവയുമായി യോജിച്ച് ആ മുഖപുസ്തക ഗ്രൂപ്പ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു. കാമ്പയിന്‍ വെബ് സൈറ്റിലേക്ക് ഈ കണ്ണിയില്‍  അമര്‍ത്തിയാല്‍ പ്രവേശിക്കാം. ഫേസ്ബുക്ക് ലോഗിന്‍ വഴി ദാന സമ്മതം നല്‍കി വിവരങ്ങള്‍ നല്‍കിയാല്‍ ഡോണര്‍ സര്‍ട്ടിഫിക്കറ്റ്  ലഭിക്കും. അത് സ്വന്തം ഫേസ്‌ ബുക്ക്‌ വാളില്‍ പോസ്റ്റ്‌ ചെയ്യാനും ഡൌണ്‍ ലോഡ്‌ ചെയ്തു പ്രിന്റ്‌ എടുക്കാനും സൌകര്യമുണ്ട്. അക്ഷരവെട്ടത്തിന്റെ ഈ കാംപൈനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പേജ് വിസിറ്റ് ചെയ്യുക.
സമ്മതം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. അത് വേണ്ടപ്പെട്ടവര്‍ അറിഞ്ഞിരിക്കണം എന്നതാണ് പ്രധാനം. അതിനുള്ള നല്ല ഒരു ഉപാധി ആണ് ഡോണര്‍ സര്ടിഫിക്കറ്റ്‌ ഫേസ്‌ ബുക്ക്‌ വാളില്‍ പോസ്റ്റ്‌ ചെയ്യുന്നതും , പ്രിന്റ്‌ ചെയ്തു വീട്ടില്‍ സൂക്ഷിക്കുന്നതും , അതുപോലെ മൃതസഞ്ജീവനി ഡോണര്‍ കാര്‍ഡ്‌  എപ്പോഴും കൈവശം  സൂക്ഷിക്കുന്നതും. കാര്‍ഡില്‍ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരിക്കുകയും വേണം. 

registered with OMD for sharing the message 

രജിസ്ടര്‍ ചെയ്തതുകൊണ്ട് മാത്രം നമ്മുടെ മരണ ശേഷം ഇതുമായി ബന്ധപ്പെട്ട സംഘടനകള്‍ ബന്ധുക്കളെ അന്വേഷിച്ചു വരും എന്ന് കരുതുന്നത് മൌഢ്യമാണ്. സന്നദ്ധതയുള്ളവരുടെ ഒരു ഡാറ്റാബേസ് ഉണ്ടാകും എന്നതാണ് ഒരു പ്രധാന കാര്യം. 
അതിലും പ്രധാനപ്പെട്ടത്  ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വ്യാപകമായ ബോധവല്‍ക്കരണം ഉണ്ടാകും എന്നതാണ് . ഫേസ്‌ ബുകില്‍ പോസ്റ്റ്‌ വരുമ്പോള്‍ ആ സന്ദേശം ലൈക്കും ഷെയറും മുഖേന പല മടങ്ങായി വ്യാപിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും അറിയാത്തവര്‍ അതിനെ കുറിച്ചറിയാന്‍ ബന്ധപ്പെട്ട ലിങ്കുകള്‍ വഴി അതാത് സൈറ്റുകളില്‍ പ്രവേശിക്കുന്നു. ഇനി ഒരുപക്ഷെ ഒരു അപകട സ്ഥലത്ത് വച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ കാര്‍ഡ്‌ ലഭിക്കുകയാണെങ്കില്‍ അത് ആശുപത്രി മുഖേന ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ലഭിക്കുകയും അതുവഴി അവയവദാനം നടത്തപ്പെടുകയും ചെയ്യുന്നു. ഡോണര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് സൂക്ഷിച്ചാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നു. ഈയടുത്ത കാലത്ത് നമ്മുടെ കേരളത്തില്‍  ബന്ധുക്കളുടെ സമയോചിതമായ പ്രവര്‍ത്തനം മൂലം അവയവ ദാനം നടത്തപ്പെട്ട ഒന്നിലേറെ കേസുകള്‍ ഉണ്ടായി.  ഇങ്ങനെ എല്ലാ രീതിയിലും ആളുകള്‍ക്ക് അവബോധം നല്‍കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍  കൊണ്ട് ഉദ്ദേശിക്കുന്നത്.   
സമസ്ത മേഖലകളിലും സ്വാധീനം ഉറപ്പിച്ചിരിക്കുന്ന മുഖപുസ്തകക്കാര്‍ പലപ്പോഴും ബാലിശമായ ചാപല്യങ്ങള്‍ക്ക് വേണ്ടിയും , അരുതാക്കാഴ്ചകള്‍ കാണിക്കാന്‍ വേണ്ടിയും , വെറും ലോഹ്യ പ്രകടനങ്ങള്‍ക്ക്‌ വേണ്ടിയും , അനാവശ്യ വാദ പ്രതിവാദങ്ങള്‍ക്ക്  വേണ്ടിയും , ഒരുപാട് ഊര്‍ജം ചെലവിടാറുണ്ട്. അതേ മുഖപുസ്തകത്തിന്‍റെ സാധ്യതകളെ ഇത്തരം മാതൃകാപരമായ  കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യാം. 

* * * * *
സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകളെ അവയവ ദാനത്തിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം അവയവം ലഭ്യമായ അടുത്ത നിമിഷത്തില്‍ ഇച്ഛാശക്തിയോടെ  ഏകോപിതമായ പ്രവര്‍ത്തനം കാഴ്ചവെക്കാനുതകുന്ന തരത്തില്‍ നമ്മുടെ ആശുപത്രി സംവിധാനവും മറ്റു ബന്ധപ്പെട്ട സംവിധാനങ്ങളും കൂടി പരിഷ്‌കരിക്കപ്പെട്ടാലേ ഈ പ്രയത്‌നങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. 

കവിവാക്യം വീണ്ടുമോര്‍ക്കാം …
  
   …..എന്റെ സ്മരണ, 
     നിങ്ങളെ ആവശ്യമുളള മറ്റൊരാള്‍ക്ക് 
     ദയാമയമായ ഒരുറപ്പ് നല്‍കിക്കൊണ്ട് 
     നിലനിര്‍ത്തുക.
     ഞാനിപ്പറഞ്ഞതെല്ലാം
     നിങ്ങള്‍ ചെയ്യുമെങ്കില്‍
     ഞാന്‍ എന്നേക്കും ജീവിക്കും…….



© 8454 ■ dharan.ıɹǝuuɐʞʞɐɯ ■



————————————————————————————————————–
ലിങ്കുകള്‍ക്ക് ഈ ബ്ലോഗ് സന്ദര്‍ശിക്കാവുന്നതാണ്.
ഫോട്ടോ , ചില വിവരങ്ങള്‍  : പത്ര റിപ്പോര്‍ട്ടുകള്‍ക്ക് കടപ്പാട് 
നിങ്ങളുടെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്. താഴെയുള്ള ഫേസ്‌ ബുക്ക്‌ കമന്റ് ബോക്സും ബ്ലോഗ്ഗര്‍ കമന്റ് ബോക്സും കണ്ടാലും. 
  

വേനലിനു പകരം മണ്‍സൂണ്‍ അവധിയല്ലേ വേണ്ടത് ?

ക്കൊല്ലത്തെ മഴ വെറുതെ അങ്ങ് പെയ്യുകയല്ല. 
പ്രചണ്ഡമായി മുടി അഴിച്ചിട്ടു താണ്ഡവമാടുകയാണ്. 
കഴിഞ്ഞ വര്‍ഷങ്ങളിലെ കുറവ് നികത്താനെന്നോണം. 
തുള്ളികള്‍ക്കൊക്കെ നല്ല കനം.
പെട്ടെന്ന് പെയ്തു തോരുന്ന കനത്ത മഴകള്‍ ..
മഴ കഴിഞ്ഞാല്‍ കനത്ത വെള്ളക്കുത്ത് ..
വെള്ളം ഭൂമിയിലേക്ക്‌ ഇറങ്ങിചെല്ലുന്നുണ്ടോ എന്ന് സംശയം.
മഴയില്ലെങ്കില്‍ മലയാളമില്ല എന്നാണല്ലോ. പെയ്യട്ടെ.
എന്നാലും മലയോര പ്രദേശങ്ങളിലും ഉള്‍ നാടുകളിലും മഹാമാരി ദുരന്തം വിതയ്ക്കുന്ന വാര്‍ത്തകള്‍ ആണ് കേട്ടുകൊണ്ടിരിക്കുന്നത്.
ആളുകളുടെ പ്രതിരോധ ശേഷി കര്‍ക്കിടക മഴക്കാലത്ത് വളരെ കുറവായിരിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ടല്ലോ. സ്കൂളില്‍ പോകുന്ന മിക്ക കുട്ടികള്‍ക്കും പനി , ജലദോഷം , കഫക്കെട്ട് , തൊണ്ടവേദന എന്നിവ വിടാതെ പിടികൂടുകയാണ്. പ്രത്യേകിച്ചും കനത്ത മഴയത്ത് കവറിംഗ് ഇല്ലാത്ത വാഹനത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര. സ്കൂളില്‍ കുട്ടികള്‍ പോകുന്ന സമയത്തും വൈകീട്ട് വരുന്ന സമയത്തും നല്ല ശക്തിയുള്ള മഴയാണ് പെയ്യുന്നത്. അസുഖം മാറിവരുന്ന കുട്ടികള്‍ക്കും തൂവാനം തലയില്‍ കൊള്ളുന്നത്‌ പിന്നെയും അസുഖം കൂട്ടും.
മഴക്കെടുതി കാരണം കോഴിക്കോട് ജില്ലയിലും മണ്ണിടിച്ചില്‍ കൊണ്ടുണ്ടായ മരണങ്ങളില്‍ വിറങ്ങലിച്ച ഇടുക്കി ജില്ലയിലും, അതുപോലെ കണ്ണൂരും എറണാകുളവും വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയാണ് . പല ജില്ലകളിലും പല ദിവസങ്ങളിലും സ്കൂളുകള്‍ക്ക് അവധി ആയിരുന്നു.
ഒന്നാലോചിച്ചാല്‍ കാലവര്‍ഷം കനക്കുന്ന ജൂണ്‍ മാസത്തില്‍ എന്തിനാണ് നമ്മുടെ സ്കൂളുകള്‍ തുറക്കുന്നത് ? ബ്രിട്ടീഷുകാര്‍ക്ക് ചൂട് അസഹ്യമായത് കൊണ്ട് അവരുടെ കാലത്ത് തുടങ്ങി വച്ച മധ്യ വേനല്‍ അവധി നമ്മളും തുടരേണ്ടതുണ്ടോ ? ആ മാസങ്ങളില്‍ ക്ലാസ്‌ എടുത്തു , അതിനു പകരം കനത്ത മഴ പെയ്യുന്ന രണ്ടു മാസങ്ങളില്‍ അവധി നല്കുന്നതല്ലേ നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിനു നല്ലത് ?

അപൂര്‍വ രാഗം നിലച്ചു

ക്ഷിണാമൂര്‍ത്തി ശിവന്റെ പര്യായം ആണ്.  ആല്‍മരച്ചുവട്ടില്‍ ദക്ഷിണാഭിമുഖം ആയി സാധകന്മാര്‍ക്ക് ജ്ഞാനോപദേശം നല്‍കുന്ന ഒരു ദേവതാഭാവം.
മലയാള സിനിമയ്ക്കും വി. ദക്ഷിണാമൂര്‍ത്തി ഒരു ഗുരു തന്നെ ആയിരുന്നു. ആ കട്ടിക്കണ്ണടയും നരച്ച മുടിയും കുറ്റിത്താടിയും  രുദ്രാക്ഷവും ജുബ്ബയും ഒക്കെ കൂടി ഒരു ഋഷി പരിവേഷം ഉള്ള സംഗീത മൂര്‍ത്തി. ദക്ഷിണാമൂര്‍ത്തി സാറിനോടൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച നമ്മള്‍ ഭാഗ്യം ചെയ്തവര്‍ തന്നെ. ആത്മാവിനു നിത്യ ശാന്തി ഇരുന്നു.
അദ്ധേഹത്തിന്റെ ഗാനങ്ങളില്‍ നിന്ന് പൊതുവേ കൂടുതല്‍ നല്ലതെന്നു വകമാറ്റിയ ഇരുപത്തിയഞ്ച് ഗാനങ്ങളുടെ കളക്ഷന്‍ ..

ഇന്ന് ആരൊക്കെ നിര്‍ത്തും ?

” ഒരറ്റത്ത് തീയും മറ്റേ അറ്റത്ത് ഒരു വിഡ്ഢിയും ” എന്നാണല്ലോ പുകവലിയെ കുറിച്ചു പറയാറ് … “പുകവലി നിര്ത്തിയവന്‍ പുതുതായി മതം മാറിയവനെ പോലെ” ഉപദേശി ” ആയി മാറും എന്നും പറയാറുണ്ട്. മാര്‍ക്ക്‌ ട്വയിന്‍ പറഞ്ഞത് ” വലി നിര്‍ത്താന്‍ വളരെ എളുപ്പം ആണ്. ഈ ഞാന്‍ തന്നെ ആയിരം പ്രാവശ്യം നിരത്തിയിട്ടുണ്ട് ” എന്നാണു. വീട്ടില്‍ കള്ളന്‍ കയറില്ല , കഷണ്ടി കയറില്ല എന്നീ ഗുണങ്ങളും ഉണ്ട്. (കുര, നേരത്തെ തട്ടിപ്പോകും ) … വാസ്തവത്തില്‍ ഒരു കാലത്ത് പുകയില മുപ്പത്തിയാറു തരം അസുഖങ്ങള്‍ക്ക് മരുന്ന് ആയി ഉപയോഗിച്ചിരുന്നു.

ബീഡി ആണ് ഏറ്റവും പ്രശ്ന, പിന്നെ സിഗരറ്റ് , പിന്നെ ചുരുട്ട്. ആന്ധ്ര പ്രദേശില്‍ ഒക്കെ പോയാല്‍ വലിയ ട്രോഫി പോലത്തെ പാത്രത്തില്‍ (ഹുക്ക ) പുകയില നിറച്ചു , അതിനു മുകളിലെ വെള്ളത്തിലൂടെ കടന്നുവരുന്ന പുക , നീണ്ട കുഴല് വഴി മാറി മാറി ആഞ്ഞു വലിച്ചു , തീവണ്ടി എന്‍ജിനില്‍ നിന്ന് വരുന്ന പോലെ പുക വിട്ടു നിര്‍വൃതിയില്‍ ആഴ്ന്നു ഇരിക്കുന്നവരെ കാണാം. (ഇത്തരം ഹുക്കകള്‍ , വലിയ തേങ്ങയുടെ ചിരട്ട കൊണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ട്. ) പക്ഷെ ഇങ്ങനെ വലിക്കുന്നവരെക്കാള്‍ അസുഖം വരുന്നത് ബീഡി വലിക്കുന്നവര്‍ക്കാണ് , കാരണം ബീഡിയില, സിഗരട്ടിലെ കടലാസു …

പുകവലിക്കാരെ ഇപ്പോള്‍ സമൂഹം മദ്യപന്മാരെക്കാള്‍ വെറുപ്പോടെ ആണ് നോക്കുന്നത്. പക്ഷെ പല പുകവലിക്കാര്‍ക്കും ഇത് നിര്‍ത്തണം എന്ന് ആത്മാര്‍ഥമായ ആഗ്രഹം ഉണ്ട് എന്നതാണ് സത്യം . പക്ഷെ , നിക്കോട്ടിനും , മറ്റു അയ്യായിരത്തിലധികം രാസ സംയുക്തങ്ങളും , ശരീര പ്രവര്‍ത്തനത്തിന് വേണ്ട ഏതോ ഹോര്‍മോണ്‍ ആണെന്ന് തെറ്റിദ്ധരിച്ചു , കോടിക്കണക്കിനു ശരീര കോശങ്ങള്‍ പുകയ്ക്കു വേണ്ടി നിലവിളിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ വീണ്ടും വലിക്കുന്നു. ഒരുപക്ഷെ , ഇത്രയും സുലഭം അല്ലായിരുന്നെങ്കില്‍ അയാള്‍ നിര്തിയേനെ … (നിക്കോട്ടിന്‍ ആണ് അപകടകാരി എന്ന് പറയാറുണ്ട്‌. പക്ഷെ അതിനേക്കാള്‍ അപകട കാരിയായ വേറെ ഒരുപാട് രാസസംയുക്തങ്ങള്‍ പുകയിലയില്‍ ഉണ്ട്. പാവം നിക്കോട്ടിന്‍ )

അല്പാല്പം ആയി നിര്‍ത്താം എന്ന് എവിടെയോ വായിച്ചു. ഇത് ശുദ്ധ ഭോഷ്ക് ആണ്. ഒറ്റയടിക്ക് ആണ് നിര്‍ത്തേണ്ടത്. എന്നിട്ട് പോക്കറ്റില്‍ കുറച്ചു കുര്മുളകും ഏലവും കരുതുക. പിന്നെ വലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഏലം, ഒരു കുരുമുളക് എന്നിവ ചവയ്ക്കുക.

താന്‍ , തന്നെക്കാള്‍ ദുരിതം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൂടി നല്‍കുന്നുണ്ട് എന്ന് എപ്പോഴും ഓര്‍ക്കുക … (ഇന്ന് പുകയില വിരുദ്ധ ദിനം )

old post . reposted. © 8443 ■ ıɹǝuuɐʞʞɐɯ ■

ആസനത്തില്‍ ആലു മുളച്ചവരുടെ വിഡ്ഢിത്തങ്ങള്‍

ജീവിവര്‍ഗങ്ങളില്‍ ഏറ്റവും പുരോഗമിച്ച വിവേചന ബുദ്ധിയുള്ള ജീവി ആയാണല്ലോ മനുഷ്യന്‍ അറിയപ്പെടുന്നത്. പക്ഷേ, അമിതാസക്തി , ഇന്ദ്രിയാനുഭൂതികള്‍ക്കുള്ള ഭ്രാന്തമായതും ഒടുക്കമില്ലാത്തതുമായ പാച്ചില്‍ എന്നിവ പലപ്പോഴും വിഡ്ഢിത്തങ്ങളിലേക്കാണ് നയിക്കാറ്. പണം കൈയില്‍ ഉള്ളവര്‍ക്ക് എന്തൊക്കെ രീതിയില്‍ അത് ചെലവാക്കാം എന്നുള്ള ധാരണയില്ലായ്മയും ഇതിന് കാരണം ആണ്.
ഭക്ഷണം ആണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ ദുര്‍ബല വശം. എന്താണ് രുചി, എന്താണ് ഭക്ഷണത്തില്‍ നിന്നുള്ള സംതൃപ്തി എന്ന് തിരിച്ചറിയാതെ വികൃത രീതിയില്‍  ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്.
വെള്ള ആല്‍ബ ആമ എന്നൊരിനം അപൂര്‍വ ആമയുണ്ട്. ഇത് അപൂര്‍വമാണെന്നതുകൊണ്ടുതന്നെ ചില ധനികര്‍ ഏതുവിധേനയും അത് കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കും. ഒരിക്കല്‍ ഒരാള്‍ ഒരുലക്ഷത്തി അറുപതിനായിരത്തി നാനൂറ്റിയാറ് ഡോളര്‍ ചിലവാക്കിയാണ് ഒന്നര കിലോഗ്രാം ആമയിറച്ചി വാങ്ങിയത്. ഇത്രയും കഷ്ടപ്പെട്ട് വാങ്ങുന്നത് അതിന്റ രുചി കൊണ്ടൊന്നുമല്ല , അത് അപൂര്‍വം ആണെന്നതു കൊണ്ട് മാത്രമാണ്. പ്രധാന കോര്‍പ്പറേറ്റ് മീറ്റിംഗുകളിലെ ഒരു വിഭവമാണ് മൂര്‍ഖന്‍ പാമ്പിന്റെ നാവുകൊണ്ടുള്ള ഒന്ന്. ഒരു മീറ്റിംഗ് കഴിയുമ്പോഴേക്ക് എത്ര പാമ്പുകള്‍ ആണ് പ്രാണന്‍ വെടിയുക എന്നാലോചിച്ചു നോക്കൂ!
മ്പതിനായിരം മുതല്‍ എഴുപത്തയ്യായിരം വരെ കുങ്കുമപ്പൂക്കളില്‍ നിന്നാണ് ഏകദേശം പതിനൊന്നായിരം ഡോളര്‍ വരെ വില വരുന്ന കൂങ്കുമം ചേര്‍ത്ത വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. അഞ്ചോ പത്തോ പേരുടെ ഭക്ഷണത്തിനുവേണ്ടി വരുന്ന മനുഷ്യവിഭവ ശേഷി എത്രമാത്രം വേണ്ടിവരും.
പ്പാനിലെ വാഗ്യു എന്നു പേരുള്ള ഒരിനം പശുക്കളെ , പ്രത്യേക തരം പരിചരണവും പ്രത്യേക പുല്ലും നല്‍കി വളര്‍ത്തിയാണ് വില കൂടിയ ഒരു തരം ബീഫ് ഉണ്ടാക്കുന്നത്. ഇതിനുള്ള അധ്വാനം കൊണ്ട് എത്രയോ പട്ടിണിപ്പാവങ്ങള്‍ക്ക് സാധാരണകൃഷി നടത്തി ഭക്ഷണം നല്‍കാം.
പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍ , കാടമുട്ട , പന്നിയുടെ പിന്‍കാലുകകളിലെ മാംസളമായ ഭാഗത്തുനിന്നുള്ള ഒരു കഷണം, ട്രഫിള്‍ എന്നറിയപ്പെടുന്ന ഫംഗസ് ഉണ്ടാക്കുന്ന പദാര്‍ത്ഥം എന്നിവയൊക്കെ ചേര്‍ത്താണ് വില കൂടിയ ഒരുതരം സാന്‍ഡ് വിച്ച് ഉണ്ടാക്കുന്നത്. ഇരുന്നൂറ് ഡോളറിനടുത്താണ് ഇതിന്റെ വില. അപൂര്‍വമായ ഒരുതരം മീനിന്റെ എണറ് (മുട്ട), ഒരു വലിയ കക്കയുടെ ഇറച്ചി, ആറ് മുട്ടകള്‍ എന്നിവ ചേര്‍ന്ന ഒരുതരം ഓംലറ്റിന് ആയിരം ഡോളര്‍ ആണ് വില. ആയിരം ഡോളറിന് മേലെ വില മതിക്കുന്ന ചിലതരം ഐസ് ക്രീമുകളും ഉണ്ട്.
ചിലര്‍ക്ക് വെറും തലച്ചോറു തിന്നാല്‍ പോരാ, കുരങ്ങുകളുടെ തലച്ചോറു തന്നെ തിന്നണം. ചിലര്‍ക്ക് മൂര്‍ഖന്റെ ഹൃദയം. ചിലര്‍ക്ക് ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു മാത്രം കാണുന്ന ഒരു കൊച്ചുപക്ഷിയെ ഏതുവിധേനയും തീന്‍മേശയില്‍ കൊണ്ടുവരണം. ചിലര്‍ ചില അപൂര്‍വയിനം കടല്‍വെള്ളരിക്ക കിട്ടാന്‍ എന്തും ചെയ്യും. ഇതിനൊക്കെ എത്ര ചിലവാക്കാനും ഇവര്‍ക്കു മടിയില്ല. ഇരുപത്തിയെട്ടിനം വിലകൂടിയ കൊക്കോ, സ്വര്‍ണം , എന്നിവ ഉപയോഗിച്ച് സ്വര്‍ണപ്പാത്രത്തില്‍ വിളമ്പുന്ന ഒരു ഫ്രോസണ്‍ ഡിഷിന് ഇരുപത്തയ്യായിരം ഡോളര്‍ ആണ് വില!
ഴിക്കുന്ന ഭക്ഷണം മാത്രമല്ല, കഴിക്കുന്ന രീതിയും വ്യത്യസ്തമാക്കാനുള്ള തത്രപ്പാടില്‍ വിഡ്ഢിത്തങ്ങള്‍ കാട്ടിക്കൂട്ടുന്ന മനുഷ്യരും ഉണ്ട്. ചില നാട്ടുകാരുടെ  ഒരു വിനോദമാണ് ഭക്ഷണമാക്കാന്‍ പോകുന്നവയെ അങ്ങേയറ്റം പീഡിപ്പിക്കുക എന്നത് . കൊല്ലാതെ തന്നെ പതുക്കെ മാംസം എടുക്കുകയും ചെയ്യും. അല്ലെങ്കില്‍ കൊല്ലാതെ തോലുരിച്ചു മണിക്കൂറുകളോളം ഇടും. അങ്ങനെ ചെയ്താല്‍ രുചി വളരെയധികം വര്‍ധിക്കുമേ്രത . എന്തായാലും ഒരു ജന്തുവില്‍ ഭയത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന് ഒരു പരിധിയുണ്ടല്ലോ. പല പഠനങ്ങളും വ്യക്തമാക്കുന്നത് രുചി പ്രത്യേകിച്ച് കൂടില്ല , ഇതൊരു മാനസികമായ സംതൃപ്തി മാത്രമാണെന്നാണ്.
പ്പാനില്‍ നിന്ന് പാശ്ചാത്യ ലോകത്തേക്ക് പടര്‍ന്നു പിടിച്ച നേക്കഡ് സുഷി എന്ന രീതിയില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നത അല്‍പമാത്രമായി പുക്കളും ചെറിയ ഇലകളും കൊണ്ട് മറച്ച് അവരെ തീന്‍മേശയില്‍ കിടത്തി അവരുടെ ശരീരത്തില്‍ ഇലയില്‍ വിളമ്പി ഭക്ഷണം കഴിക്കുയാണ് ചെയ്യുന്നത്. (പുരുഷന്മാരെ ഉപയോഗിക്കുന്നതിന് നാന്‍തയ് മോറി എന്നാണ് പറയുന്നത്) മുമ്പുകാലങ്ങളില്‍ സ്ത്രീകള്‍ കന്യകമാരായിരിക്കണം എന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അങ്ങനെയുള്ളവരെ കിട്ടാനില്ലാത്തതു കൊണ്ടാണോ എന്നറിയില്ല അതില്‍ അത്ര നിര്‍ബന്ധമില്ല. വിഭവങ്ങളുടെ താപനിലയും അതിന്റെ അടിയില്‍ കിടക്കുന്നവരുടെ താപനിലയും ഒന്നായിരിക്കും എന്നൊക്കെ തട്ടിവിട്ടാണ് ഇതില്‍ ആകൃഷ്ടരാകുന്നത്. നൂറുമുതല്‍ ഇരുന്നൂറ്റമ്പതു ഡോളര്‍ വരെയാണ് ഒരു സുഷിയുടെ പ്രവേശനനിരക്ക്.
തൊക്കെ നമ്മുടെ നാട്ടില്‍ അല്ലല്ലോ എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. പക്ഷെ , മറ്റു പലതും പോലെ ഇത്തരം കാര്യങ്ങളും ക്രമേണ ഇവിടെ എത്തും. പലതും എത്തുന്നുമുണ്ട്. ജീവനുള്ള മീനിനെ ചൂണ്ടി കാണിച്ചു അതിനെ പിടിച്ചു പൊരിച്ചു തിന്നുന്ന പരിപാടിയും ഇതുപോലെ ക്രൂരതയില്‍ നിന്ന് രുചി ഉണ്ടാക്കാനുള്ള ത്വര ആണ്. ഭക്ഷണം കഴിക്കുന്നതിനു  ക്രൂരതയുടെ മേമ്പൊടി വേണോ ?
ത്യാര്‍ത്തിക്കാരനായ ഒരു പണക്കാരന്റെ നാവിനെ അല്‍പനേരത്തേക്ക് തൃപ്തിപ്പെടുത്താന്‍ ഒരു മനുഷ്യനെ പ്ലേറ്റ് ആയി ഉപയോഗിക്കുന്നത് തന്നെ  അടിമ വേലക്ക് ഉദാഹരണമല്ലേ ? കാടന്‍ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന അടിമത്തത്തില്‍ നിന്ന് മനുഷ്യന് തരിമ്പും മോചനം ലഭിച്ചില്ല എന്നതിന് ഉദാഹരണമാണിത്.
ണം ചിലവാക്കുന്നതില്‍ തെറ്റില്ല. മാംസ ഭക്ഷണം കഴിക്കുന്നതും തെറ്റല്ല. പക്ഷേ, ഭൂമുഖത്ത് പട്ടിണി നടമാടിക്കൊണ്ടിരിക്കുന്നേടത്തോളം കാലം ഇത്തരം വിഡ്ഢിത്തങ്ങള്‍ ക്രിമിനല്‍ കുറ്റമായേ കരുതാന്‍ പാടുള്ളൂ. ഭക്ഷണത്തിന് വേണ്ടി കൊല്ലുന്ന ജീവികളോട് മൃഗങ്ങള്‍ പോലും ക്രൂരത കാണിക്കാറില്ല . കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നാണു.
പക്ഷെ കൊല്ലാക്കൊല ചെയ്തു തിന്നുന്നതെന്തിനാണ് ?

അയാം എക്സ്പയെര്‍ഡ് – എന്ന് സ്വന്തം കമ്പി .

സ്ഥലനാമങ്ങളെക്കുറിച്ച് പറയവേ സഞ്ജയന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. ” തലശ്ശേരിക്കടുത്ത ലക്കിടി എന്ന സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ കമ്പിയാപ്പീസിലെ ശബ്ദം ആണ് ഓര്‍മവരിക ” എന്ന്.
മുമ്പ് ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് കമ്പി വന്നു എന്നു കേട്ടാല്‍ നാടു മുഴുവനും കാതോര്‍ക്കുമായിരുന്നു. മിക്കവാറും എന്തെങ്കിലും ദുരന്തവാര്‍ത്തയായിരിക്കും. ആശംസകള്‍ , വിവാഹത്തിന് വരാന്‍ പറ്റാത്തതിലുള്ള അറിയിപ്പുകള്‍ , ജോലി സംബന്ധിച്ച ഉത്തരവുകള്‍ എന്നിവയും ആവാം. 
പുതിയ സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ ഇന്ന് വളരെ അപൂര്‍വമായെ കമ്പി അടിക്കാറുള്ളൂ.. രണ്ടായിരം എണ്ണമൊക്കെയായി ചുരുങ്ങി എന്നാണ് കണക്ക്. ഇന്ന് അതിന്റെ ആവശ്യവും ഇല്ല. കാര്‍ഡും, ഇന്‍ലന്റും വരെ ഇന്ന് വളരെ കുറച്ചല്ലേ ഉപയോഗിക്കുന്നുള്ളൂ. പക്ഷേ, കമ്പി ഒരു ഗൃഹാതുരത്വ സ്മരണയായി നമ്മുടെ ഉള്ളില്‍ ഉണ്ടാവും. 
ഇന്ന് രാത്രി ടെലിക്കോം വകുപ്പ് കമ്പിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുകയാണ്. നാളെ മുതല്‍ ഈ സേവനം ഉണ്ടാവില്ല. പ്രത്യേക ദൂതന്‍ ഉടനെ സന്ദേശം എത്തിക്കുന്ന ഏര്‍പ്പാട് കുറച്ചുമുമ്പുതന്നെ അവസാനിച്ചിരുന്നു. 
പുതിയ വിദ്യകള്‍ വരുമ്പോള്‍ പഴയവ നിലയ്ക്കുന്നത് അനിവാര്യം തന്നെയാണ്. പക്ഷേ, ഒരു ഇന്‍ലന്റില്‍ കുറിച്ചിരുന്ന എഴുത്തിന്റെ ജീവന്‍ ഇന്നത്തെ എസ്.എം.എസുകള്‍ക്കോ സോഷ്യല്‍ മേസ്സേജുകള്‍ക്കോ ഉണ്ടോ ? പലപ്പോഴും ആത്മാവില്ലാത്ത വെറും വാചകങ്ങള്‍ മാത്രമായി പോവുന്നു എന്നത് ഒരുപക്ഷേ വെറും തോന്നലും ആവാം.
കുറേ മുമ്പ് ലാന്‍ഡ് ലൈനുകള്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ ടെലിഫോണ്‍ ഡയരക്ടറിയില്‍ ഒരുവാചകം ഉണ്ടായിരുന്നു.-അത്യാവശ്യത്തിനുമാത്രം സംസാരിക്കുക. സന്ദേശം കൈമാറിക്കഴിഞ്ഞാല്‍ ഉടനെ ഫോണ്‍ കട്ടു ചെയ്യുക എന്ന്. എന്നാല്‍ പിന്നീട് ” ഇഷ്ടം പോലെ സംസാരിക്കൂ” എന്നായി. അതും പോരാഞ്ഞ് ചില കമ്പനികള്‍ ” ഗേള്‍ ഫ്രണ്ടിന്റെ സുഹൃത്തുക്കളുമായി സംസാരിക്കൂ ” എന്ന മട്ടിലുള്ള പരസ്യങ്ങളും നല്‍കുന്നത് കാണാം. പഴയ ആളുകള്‍ പറഞ്ഞിരുന്നത് അളന്നു മുറിച്ച സംസാരിക്കണം എന്നാണ്. കുറച്ചു സംസാരം കൂടുതല്‍ അദ്ധ്വാനം എന്നും. യഥാര്‍ത്ഥത്തില്‍ വള വളാ എന്ന് അധികം സംസാരിക്കുമ്പോള്‍ നമ്മുടെ ഊര്‍ജം എത്രയോ നഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ക്രിയാത്മകത്വം പ്രവര്‍ത്തനങ്ങളില്‍ കുറയുകയും ചെയ്യും. 
പക്ഷേ, മൊബൈലുകള്‍ ഇല്ലാത്ത ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. ലോകം കൈപ്പിടിയില്‍ ഒതുക്കാനുള്ള സൗകര്യം മൊബൈല്‍ എന്ന ഒരു കൊച്ചുപകരണത്തില്‍ സമന്വയിച്ച് ഒരാളുടെ കൈയ്യില്‍ വരുമ്പോള്‍ അയാള്‍ക്ക് ഒരു വിശ്വപൗരന്‍ ആയതായി തോന്നും. പക്ഷേ, കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയമാതിരി ചിലര്‍ ഈ സാങ്കേതികാത്ഭുതം തിന്മകള്‍ക്ക് മാത്രമായി ഒതുക്കും. വാസ്തവത്തില്‍ മൊബൈല്‍ ഇന്ന് കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന് ഒരു പ്രധാന ടൂള്‍ ആയി ക്രമസമാധാന പാലകര്‍ക്ക് ഉപകരിക്കുകയും ചെയ്യുന്നു. 
തന്നിഷ്ടം പോലെ കള്ളം പറയാം എന്നതും മൊബൈലിന്റെ ഒരു വലിയ ‘ഗുണം’ ആണ്. ഈയിടെ ഞാന്‍ ബസ്സില്‍ കണ്ണൂരുനിന്ന് കോഴിക്കോടേക്ക് പോകവേ വടകര എത്തിയപ്പോള്‍ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ മൊബൈലില്‍ ഉച്ചത്തില്‍ പറയുകയാണ് ”ഞാന്‍ ഇപ്പോ കൊയിലാണ്ടി സ്റ്റാന്റില്‍ ആണ് ഉള്ളത് ” എന്ന്. എന്റെ അടുത്ത സീറ്റില്‍ പാതിയുറക്കത്തില്‍ ഇരിക്കുകയായിരുന്ന ഒരു പാവം അത് കേട്ട് കൊയിലാണ്ടി ആണെന്ന് കരുതി അവിടെ ഇറങ്ങി. ഇറങ്ങിയപ്പോഴാണ് അബദ്ധം മനസ്സിലായത്. 
ഒരു മലയാള സിനിമയില്‍ ബീവരേജസ് കോര്‍പ്പറേഷന്റെ മുമ്പിലെ ക്യൂവിലെ സംഭാഷണങ്ങള്‍ കാണിക്കവേ ഒരാള്‍ ക്യൂവില്‍ നിന്ന് ഭാര്യയോട് പറയുകയാണ് ”നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ ‘പണിസ്ഥല’ത്തേക്ക് വിളിക്കരുത് എന്ന് , ഫോണ്‍ വെയ്‌കെടീ !” എന്ന്. 
ജോര്‍ജ് ഓര്‍വെല്‍  1948 ല്‍ എഴുതിയ നോവലായ 1984 എന്ന പുസ്തകം നിങ്ങളും വായിച്ചിരിക്കും. നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്റെ പ്രവൃത്തികളും സംസാരവും ചിന്തകളും ചിന്തിക്കാനുള്ള കഴിവു പോലും എങ്ങനെയൊക്കെ നിരീക്ഷണവിധേയമാകുന്നു എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ ഭീതിദമായ രീതിയില്‍ പറഞ്ഞുവച്ചു നോവലിസ്റ്റ്..ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വിശ്വസനീയം അല്ലാതായി തീരുമോ ?
ഈയിടെ ഒരു വാര്‍ത്ത കണ്ടു. വിക്കിലീക്‌സ് മുഖേന രേഖകള്‍ ചോര്‍ന്നതു കൊണ്ട് റഷ്യ അതീവ നയതന്ത്ര പ്രാധാന്യമുള്ള രേഖകള്‍ ഇനി കംപ്യൂട്ടറിന് പകരം പഴയ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചുമാത്രമേ തയ്യാറാക്കൂ എന്ന്. അതാണ് സുരക്ഷിതം എന്നാണ് അവരുടെ അഭിപ്രായം. 
ചരിത്രം തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചക്രം ആണെന്നാണല്ലോ വയ്പ്പ്. ടെക്‌നോളജിയുടെ സൗകര്യങ്ങളുടെ പാരമ്യത്തില്‍ ഇതൊക്കെ ഉപേക്ഷിക്കേണ്ട ഒരു കാലവും ഉണ്ടാകുമോ?

© 8449 ■ ıɹǝuuɐʞʞɐɯ ■

Click for a Post Office Comedy.

ഇന്നലത്തെ താക്കോലിനു കരയുന്നവര്‍

 

ചെറുപ്പത്തില്‍ എവിടെയോ വായിച്ച ഒരു കഥയുടെ ചുരുക്കം ആണ്.

കുട്ടി അന്ന് മുഴുവന്‍ കരഞ്ഞു.

പിറ്റേന്നും കരഞ്ഞു.

അച്ഛന്‍ പറഞ്ഞു.

” അവന്‍ വെറും ഒരു താക്കോലിനല്ലേ

ചോദിച്ചത് , നീ അതങ്ങു കൊടുത്തേക്ക് ”

അമ്മ പറഞ്ഞു.

” ഇതാ മോനെ , താക്കോല് , ഇനി കരയണ്ട കേട്ടോ ”

അല്‍പ നേരം നിറുത്തിയ കരച്ചില്‍ പൂര്‍വാധികം ശക്തിയില്‍ ആക്കി മോന്‍

” …നിക്ക് ഇത്താക്കോല്‍ ബേണ്ട… ന്നലത്തെ താക്കോല്‍ മതി ”

ന്നലത്തെ താക്കൊലിനു വേണ്ടി കരയുന്ന കുട്ടികളെ കൊണ്ട് തോറ്റു.

പൊള്ളിയടരുന്നു

പു
സോമാലിയന്‍
പുരുഷന്റെ
കൈയിലെ
ഞരമ്പുപോലെ
മെലിഞ്ഞ് എഴുന്ന്
നീണ്ടുപോകുന്നു.

വെള്ളം വറ്റിത്തുടങ്ങുന്ന
ഇത്തിരിച്ചളിത്തടത്തില്‍
ദേശാടനക്കിളിയും
ഇണയും
ഓര്‍മകള്‍
ചികഞ്ഞെടുക്കുന്നു

കുടുക്കഴിഞ്ഞ
ട്രൗസര്‍
കൈയിലൊതുക്കി
കറുത്തുമെലിഞ്ഞ
കുട്ടിത്തം
സൂര്യാഘാതത്തിന്
ദേഹം മലര്‍ക്കെ
തുറന്നിരിക്കുന്നു.

ണക്കാരുടെ
കുട്ടികള്‍ കളിക്കുന്ന
ജെസിബിയെക്കാള്‍
എത്രയിരട്ടി വലിപ്പമുള്ള
കളിപ്പാട്ടമാണ്
തന്റെ മുന്നില്‍
പൂഴിവാരിക്കുഴിച്ചു
കളിക്കുന്നതെന്ന്
ഉള്ളിലാഹ്ലാദത്തോടെ…

ടവിലെ
കറുത്തുഘനംതുങ്ങിയ
കൊഴുത്തവെള്ളത്തില്‍
ഒഴുകിനടക്കുന്ന
ഐഎസ്‌ഐ മാര്‍ക്കുളള
വെള്ളക്കുപ്പികളും
സഞ്ചികളും ഉറകളും
വകഞ്ഞുമാറ്റി
അവന്റെ അമ്മ
മുങ്ങാങ്കുഴിയിടുന്നു.

ദൂരെ
ചുട്ടുപൊള്ളുന്ന
പാളത്തിലൂടെ
തീപ്പിടിച്ചപോലെ
നിലവിളിച്ചോടുന്ന
ഉഷ്ണവണ്ടിയിലെ
യാത്രക്കാരുടെ
ശീല്‍ക്കാരം
കനല്‍ക്കാറ്റായി
പുഴയില്‍
ദുര്‍ബലമായ
ഓളമുണ്ടാക്കുന്നു.

ശേഷിയില്ലാത്ത
ഒരു കാക്കപ്പെണ്ണ്
അവസാനക്കരച്ചില്‍
കരഞ്ഞ്
തീരത്തേക്ക്
മൂക്കുംകുത്തി
വീണുപിടയുന്നു.

ല്ലാംകഴിഞ്ഞ്
എങ്ങുനിന്നോ
സഹജീവികള്‍
പറന്നുവന്ന്
വെറുതെ
ഒച്ചയുണ്ടാക്കുന്നു.

നുഷ്യന്റെ
ചൊറിച്ചില്‍ മാറുന്ന
കാലംവരുമെന്ന്
സാന്ത്വനമോതി
അര്‍ക്കന്‍ ,
നീരുവറ്റിയ
ഭൂമിയുടെ കണ്ണുകളില്‍
വൃഥാ
പ്രതിഫലിക്കുന്നു.

© 8439 ■ ıɹǝuuɐʞʞɐɯ ■